പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗോത്ര സംരക്ഷിത മേഖലയായ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് അനധികൃതമായി കടന്ന യുഎസ് പൗരൻ അറസ്റ്റിൽ. മൈക്കലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ (24) മാർച്ച് 31 നാണ് സിഐഡി അറസ്റ്റ് ചെയ്തത്.
മാർച്ച് 26 നാണ് മൈക്കലോ പോർട്ട് ബ്ലെയറിലെത്തിയത്. മാർച്ച് 29 ന് കുർമ ദേരാ ബിച്ചിൽ നിന്നും ബോട്ടിലായിരുന്നു സെന്റിനൽ ദ്വീപിലേക്കുള്ള യാത്ര. ദ്വീപ് നിവാസികൾക്ക് നൽകാൻ തേങ്ങയും ഒരു കാൻ കോളയും ഇയാൾ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് നോർത്ത് സെന്റിനൽ ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്ത് ഇയാൾ എത്തിയത്. ബൈനോക്കുലർ ഉപയോഗിച്ച് പ്രദേശമാകെ നീരീക്ഷിച്ചെങ്കിലും ഗ്രോത്രവാസികളെ കണ്ടില്ല. കൂക്കിവിളിച്ച് ഒരു മണിക്കൂറോളം കടൽത്തീരത്ത് ചെലവഴിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവിൽ കയ്യിൽ കരുതിയ തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പ്രദേശത്തിന്റെ വീഡിയോയും എടുത്ത് ബോട്ടിൽ മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രദേശിക മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ ബോട്ട് കണ്ടത്.
ഗോത്ര സംരക്ഷിത മേഖലയിലേക്കുള്ള യുഎസ് പൗരന്റെ യാത്രയുടെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പോർട്ട് ബ്ലേയറിൽ ഇയാൾ താമസിച്ച ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണ്. ജിപിഎസ് ഉപയോഗിച്ചായിരുന്നു ഇയാളുടെ യാത്രയെന്ന് ഡിജിപി എച്ച്എസ് ധാലിവാൾ പറഞ്ഞു. മൈക്കലോവിന്റെ പിതാവ് യുക്രെയ്ൻ പൗരൻനാണ് .ഇതാദ്യമായല്ല പോളിക്കോവ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെന്റിനൽ ദ്വീപേക്ക് കടക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അന്ന് ഹോട്ടൽ ജീവനക്കാരാണ് യാത്ര തടഞ്ഞത്. 2018ൽ യുഎസ് പൗരനായ ജോണ്‍ അലന്‍ ചൗവിനെ ദ്വീപ് നിവാസികൾ അമ്പേയ്ത് കൊലപ്പെടുത്തിയിരുന്നു. അന്ന് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പോലും പരാജയപ്പെട്ടിരുന്നു. മിഷണറി പ്രവർത്തനത്തിനാണ് അന്ന് ഇയാൾ ദ്വീപിലേക്ക് എത്തിയതെന്നാണ് വിവരം.
സെന്റിനൽ ദ്വിപ്
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് നോർത്ത് സെന്റിനൽ. 72 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണിത്. 1771ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചിയാണ് ദ്വീപിലെ മനുഷ്യസാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചനകൾ നൽകിയത്. 1867ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് വച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബർമാരും അടങ്ങിയ 106 പേർ രക്ഷപെടാനായി കരയിലേക്ക് നീന്തി. എന്നാൽ ഗോത്രവർഗക്കാരുടെ അമ്പും വില്ലുമുപയോഗിച്ചുള്ള രൂക്ഷമായ ആക്രമണമാണ് ഇവർക്ക് ദ്വീപ് നിവാസികളിൽ നിന്ന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ദ്വീപിനെ കുറിച്ച് പഠിക്കാനെത്തിയ നിരവധി പേർ ഇവരുടെ ആക്രമണങ്ങൾക്ക് ഇരയായി.
തുടർന്ന് ഈ ഗോത്രത്തെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് സർക്കാർ ദ്വീപിന് ചുറ്റുമുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ച് കൊണ്ട് ഉത്തരവിടുന്നത്. ഇവിടെ എത്ര ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
സെന്റിനല്‍ ഗോത്രവിഭാഗത്തിന്റെ ഭാഷയോ ആചാരങ്ങളോ തുടങ്ങി യാതൊരു വിവരവും പുറംലോകത്തിന് ഇപ്പോഴും അറിയില്ല. . ദ്വീപിന് അഞ്ച് കിലോമീറ്റര്‍ ഇപ്പുറം വരെ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതി.















