അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പകരം തീരുവ നയം’ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തത്കാലം ബാധിക്കില്ലെന്ന് നിഗമനം. സാമ്പത്തിക വിദഗ്ധനായ പ്രൊഫ. വികെ വിജയകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്രംപിന്റെ തീരുവ നയത്തിന് അനുപാതികമായി മറ്റ് രാജ്യങ്ങളും തീരുവ വർദ്ധിപ്പിച്ചാൽ അത് വലിയൊരു വ്യാപാര യുദ്ധത്തിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 137 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. 38 ബില്യൺ ഡോളറിന്റെ വ്യാപരമിച്ചം ഇന്ത്യക്കുണ്ട്. അമേരിക്കയിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ 4 ബില്യൺ ഡോളറാണ് കമ്മി.
(ഇന്ത്യയുടെ പ്രധാന കയറ്റുമതി സോഫ്റ്റ്വെയർ ആണ്. ഇത് സേവനങ്ങളുടെ കയറ്റുമതിയായതിനാൽ മറ്റൊരു വിഭാഗമാണ്.)
ഇന്ത്യയുടെ ജിഡിപിയുടെ 0.1 ശതമാനം മാത്രമേ അത് വരുന്നുള്ളൂവെന്നതിനാൽ അമേരിക്കയുടെ പുതിയ തീരുവ നയം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കാര്യമായ പ്രശ്നം സൃഷ്ടിക്കുകയില്ല. എന്നാൽ അമേരിക്ക ചുമത്തുന്ന തീരുവയ്‌ക്ക് അനുസൃതമായി മറ്റ് രാജ്യങ്ങളും പകരച്ചുങ്കം ചുമത്തുമ്പോൾ വ്യാപാര യുദ്ധത്തിലേക്ക് നയിക്കപ്പെട്ടേക്കാം. അത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പ്രൊഫ. വികെ വിജയകുമാർ പറഞ്ഞു.