കൈവിരലിലെ മോതിരങ്ങൾക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടി യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന. വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിടത്താണ് അഗ്നിരക്ഷാ സേന സഹായത്തിന് എത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ആശുപത്രിയിൽ എത്തി ‘ഓപ്പറേഷന്’ നേതൃത്വം നൽകിയത്.
കൊല്ലം സ്വദേശി രതീഷ് വർഷങ്ങളായി സ്റ്റീൽ മോതിരവും സ്റ്റീൽ സ്പ്രിങ് മോതിരവും ഇടതുകയ്യിൽ ഇടാറുണ്ട്. മോതിരം ഊരിമാറ്റാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ചു. ഒടുവിൽ ഇതിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥയിലായതോടെയാണ് രതീഷ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കൈവിരൽ മുറിച്ച് മാറ്റാതെ രക്ഷിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അവസാന ശ്രമം എന്ന നിലയിലാണ് മെഡിക്കൽ കോളജ് അധികൃതർ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്.
യുവാവിന് അനസ്തേഷ്യ നൽകിയ ശേഷമാണ് ഒന്നര മണിക്കൂർ നീണ്ട ഓപ്പറേഷൻ. ആറ് വളയങ്ങളുള്ള സ്റ്റീൽ സ്പ്രീംങ് മോതിര, സ്റ്റീൽ മോതിരം എന്നിവയാണ് മുറിച്ച് നീക്കിയത്. യുവാവ് ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.