വഴക്കിന് പിന്നാലെ 25-കാരിയായ മരുമകൾ അമ്മയിയമ്മയെ കൊന്നു ബാഗിലാക്കി. ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ ഝാൽനയിലെ പ്രിയദർശിനി കോളനിയിലാണ് സംഭവം. സവിത ഷിംഗാരെ എന്ന 45-കാരിയാണ് കൊല്ലപ്പെട്ടത്. മകൻ ആകാശിന്റെ ഭാര്യ പ്രതിക്ഷയാണ് പ്രതി. ഇരുവരുടെയും വിവാഹം ആറുമാസം മുൻപായിരുന്നു. വീട്ടുകാർ തീരുമാനിച്ച വിവാഹമായിരുന്നു. ചൊവ്വാഴ്ചയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെയാണ് യുവതി രക്ഷപ്പെട്ടത്.
സിമന്റ് കമ്പനിയിലെ ജീവനക്കാരനായ ആകാശിന് അടുത്തിടെ ലത്തൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതോടെ ഝാൽനയിലെ വാടകവീട്ടിൽ ഭാര്യയും അമ്മയും മാത്രമാണുണ്ടായിരുന്നത്. ബീഡ് ജില്ലയിലെ തൽവാഡയിലെ നാട്ടിലേക്ക് മരുമകളും തനിക്കൊപ്പം വരണമെന്ന് അമ്മായിയമ്മ നിർബന്ധം പിടിച്ചു. എന്നാൽ ലത്തൂരിലേക്ക് പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതിനെ തുടർന്നുണ്ടായ തർക്കവും വഴക്കുമാണ് കൊലയിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച രാത്രി തർക്കം രൂക്ഷമായി. ഇതോടെ പ്രതിക്ഷ അമ്മായിയമ്മയെ ആക്രമിച്ചു. തല ഭിത്തിയിൽ ഇടിപ്പിക്കുകയും കറിക്കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കിലാക്കി മറവ് ചെയ്യാൻ യുവതി ശ്രമിച്ചെങ്കിലും മൃതദേഹത്തിന്റെ ഭാരം കാരണം ഇതിന് കഴിഞ്ഞില്ല. പിന്നീട് വീടിന്റെ കോണിപ്പടിയിൽ ചാക്കും ഉപേക്ഷിച്ച് യുവതി രക്ഷപ്പടുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാഗിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ട വീട്ടുടമയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവർ ചാക്കുമായി പോകുന്നത് വീട്ടുടമ സിസിടിവിയിൽ കണ്ടിരുന്നു. യുവതിയെ സ്വന്തം വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തലയിലേറ്റ ഗുരുതര മുറിവാണ് മരണകാരണം. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്.















