ന്യൂഡൽഹി: 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വഖ്ഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ രാജ്യസഭയിൽ അവതരിപ്പിച്ച് പാർലമെന്ററി കാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. മുനമ്പം വിഷയം രാജ്യസഭയിലും ഉന്നയിച്ച കേന്ദ്രമന്ത്രി, കോൺഗ്രസും മറ്റ് പാർട്ടികളും വഖ്ഫ് ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചു.
വഖ്ഫിൽ അമുസ്ലീങ്ങൾ ഇടപെടുമെന്ന വ്യാഖ്യാനം തെറ്റാണെന്നും മുസ്ലീങ്ങളുടെ മതപരമായ വിശ്വാസങ്ങളിൽ ഇടപെടാനുള്ളതല്ല വഖ്ഫ് ബില്ലെന്നും റിജിജു ചൂണ്ടിക്കാട്ടി. വഖ്ഫ് സ്വത്തുക്കൾ വേണ്ടവിധം കൈകാര്യം ചെയ്താൽ കോടിക്കണക്കിന് പാവപ്പെട്ട മുസ്ലീങ്ങൾക്ക് ഗുണകരമാകും. വഖ്ഫ് ബിൽ നിയമമായാൽ വഖ്ഫ് സ്വത്തുക്കൾ ഉചിതമായവിധത്തിൽ കൈകാര്യം ചെയ്യപ്പെടുകയും അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ പാവപ്പെട്ട മുസ്ലീങ്ങളുടെ പുരോഗതിക്ക് സഹായമാവുകയും ചെയ്യും. നമ്മളൊരുമിച്ച് പ്രവർത്തിച്ചാൽ അത് സാധ്യമാകുമെന്നും കിരൺ റിജിജു പറഞ്ഞു.
പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഏത് ഭൂമിയും രാഷ്‌ട്രത്തിന്റെ സ്വത്താണ്. അതൊരിക്കലും വഖ്ഫ് ഭൂമിയാകില്ല. ഷെഡ്യൂൾ 5, 6 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക സുരക്ഷാ മേഖലകളും വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളത്തിലെ മുനമ്പത്തുള്ള 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമി ഇതിനോടകം വഖ്ഫ് ഭീഷണിയിലാണ്. കേരളത്തിലെ എംപിമാർ അവരുടെ ക്രിസ്ത്യൻ സമൂഹത്തിന്റെ അഭ്യർത്ഥന കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വഖ്ഫ് ബിൽ നിയമമായാൽ ഉമീദ് (UMEED – യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷൻസി ആൻഡ് ഡെവലപ്മെന്റ്) എന്നറിയപ്പെടും. സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പടെയുള്ളതാണ് പുതിയ ബില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.