ലക്നൗ: വഖ്ഫ് ബോർഡിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വഖ്ഫ് ബോർഡ് ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ലാൻഡ് മാഫിയ ബോർഡാണിതെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. പ്രയാഗ് രാജിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“മഹാകുംഭമേള നടന്നപ്പോൾ ഭൂമി തങ്ങളുടേതാണെന്ന് വഖ്ഫ് ബോർഡ് വാദിച്ചിരുന്നു. അവർ ഭൂമാഫിയ ആണോയെന്ന് സംശയമുണ്ട്. വഖ്ഫ് ബോർഡ് എന്ന പേരിൽ അവർ പ്രയാഗ് രാജിലും മറ്റ് പരിസരപ്രദേശങ്ങളിലെയും ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. കുംഭമേള നടക്കുന്ന സ്ഥലും വഖ്ഫ് ബോർഡിന്റേതാണെന്ന് അവർ വാദിച്ചു”.
വഖ്ഫ് നിയമഭേദഗതി ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും നന്ദി. ഉത്തർപ്രദേശിലെ ഭൂമാഫിയയെ ഞങ്ങൾ ഇതിനകം തുടച്ചുനീക്കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലോക്സഭയിൽ പാസാക്കിയ വഖ്ഫ് ഭേദഗതി ബിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തിരുന്നു. 14 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ ബിൽ പാസാക്കിയത്.