പാരിസ്: മനുഷ്യക്കടത്തിൽ അകപ്പെട്ട സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവത്തിൽ ഹോളിവുഡ് നടൻ ഡീൻ ക്ലോഡ് വാൻഡാമെക്കെതിരെ കേസ്. സ്ത്രീകളെ കടത്തുന്ന സംഘത്തിൽ നിന്ന് അഞ്ച് സ്ത്രീകളെയാണ് നടൻ വാങ്ങിയത്. മനുഷ്യക്കടത്ത് ക്രിമിനൽ സ്വഭാവമുള്ള കേസാണെന്ന് അറിഞ്ഞിട്ടും സ്ത്രീകളെ സ്വീകരിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
നടനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ട ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസെടുത്തത്. ഫ്രാൻസിലെ കാൻസിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവമുണ്ടായതെന്നും സമ്മാനമായാണ് നടൻ തങ്ങളെ സ്വീകരിച്ചതെന്നും യുവതി പറഞ്ഞു.
റൊമാനിയയിലെ ഡയറക്ടറേറ്റ് ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ടെററിസം (DIICOT) നടത്തിയ അന്വേഷണത്തെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തിച്ച സ്ത്രീകളെ മനഃപൂർവ്വം ഇയാൾ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.
ബെൽജിയം സ്വദേശിയാണ് പ്രതിയായ ഡീൻ ക്ലോഡ് വാൻഡാമെ. ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആയോധന കലാകാരൻ കൂടിയാണ്.















