ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ ചർച്ചയിൽ നിന്നു വിട്ടു നിന്ന രാഹുലിന്‍റെയും പ്രിയങ്കയുടെയും നടപടി വിവാദത്തിലേക്ക്. വിപ്പുണ്ടായിട്ടും വയനാട് പ്രിയങ്ക വാദ്ര സഭയിൽ ഹാജരായില്ല. ഹാജരായ രാഹുൽ ചർച്ചയിൽ പങ്കെടുത്തതുമില്ല. നെഹ്‍റു കുടുംബാംഗങ്ങളുടെ നടപടിയിൽ ഇൻഡി സഖ്യത്തിൽ അതൃപ്തി പുകയുകയാണ്. കത്തോലിക്കാ സഭയുടെ അഭ്യർത്ഥന അവഗണിച്ച് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത കോൺഗ്രസ് -കേരള കോൺഗ്രസ് എംപിമാർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് ഇരുവരുടെയും തന്ത്രപരമായ നീക്കം കൂടുതൽ ചർച്ചയാകുന്നത്.
ഇന്നലെ 14 മണിക്കൂറോളം നീണ്ട ചർച്ചയിൽ എല്ലാം രാഷ്‌ട്രീയ പാർട്ടികളുടെയും പ്രധാന നേതാക്കൾ സംസാരിച്ചിരുന്നു. എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ചർച്ചയിൽ പങ്കെടുക്കാനോ സംസാരിക്കാനോ തയ്യാറായില്ല. ത്രീലൈൻ വിപ്പുണ്ടായിട്ടും പ്രിയങ്ക വാദ്ര സഭയിൽ എത്തിയതുമില്ല. വീപ്പിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ളതാണ് ത്രീലൈൻ വിപ്പ്. ഇത് ലംഘിച്ചാൽ കൂറുമാറ്റത്തിന് പോലും സമാനമാണ്. ത്രീലൈൻ വിപ്പ് ലംഘിക്കുന്നവർക്കെതിരെ പാർട്ടി നടപടി പോലും ഉണ്ടാകും. പ്രിയങ്കയ്‌ക്ക് പാർട്ടി ചട്ടങ്ങൾ ഒന്നും അത്ര ബാധകമാകാത്തത് കൊണ്ട് നടപടിയൊന്നും ഉണ്ടാകില്ല.
എന്നാൽ ഇരുവരുടെയും വിട്ടു നിൽപ്പിൽ ഇൻഡി സഖ്യത്തിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ നിന്നാണ് ഇടത് എംപിമാർ പാർലനെന്റിൽ എത്തിയത്. ചർച്ചയിൽ നിന്നും വിട്ടും നിൽക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും ശരിയായ സന്ദേശമല്ല നൽകുന്നനെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ വാക്കുകൾ രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെയുള്ള പരോക്ഷ വിമർശനം കൂടിയാണ്.
ക്രൈസ്തവ സമൂഹത്തിന് ഇൻഡി സഖ്യത്തിന്റെ നിലപാടുകളിൽ കടുത്ത അതൃപ്തിയുണ്ട്. മുനമ്പത്തടക്കം ക്രൈസ്തവരാണ് വലിയ തോതിൽ ദുരിതം അനുഭവിക്കുന്നത്. ചർച്ചയിൽ എതിർപ്പ് പ്രകടമാക്കിയാൽ ക്രൈസ്ത സമൂഹം തീർച്ചയായും ഇത് വരുന്ന തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിവെക്കും. അനുകൂലിച്ചാൽ മുസ്ലീം മതമൗലീകവാദികളുടെ വോട്ട് നഷ്ടമാകും. ഇത് ഭയന്ന് തന്ത്രപൂർവ്വമാണ് ഇരുവരുടെയും മാറി നിൽക്കൽ എന്നാണ് വിലയിരുത്തൽ. മറ്റ് നേതാക്കളെ ബലിയാടാക്കി സഹോദരനും സഹോദരിയും രക്ഷപ്പെട്ടെന്നാണ് കോൺഗ്രസിനുള്ളിലെ അടക്കം പറച്ചിൽ.