ന്യൂഡൽഹി: സ്വത്ത് വെളിപ്പെടുത്താനൊരുങ്ങി സുപ്രീംകോടതി ജഡ്ജിമാർ. ഫുൾ കോർട്ട് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജഡ്ജിമാർ തങ്ങളുടെ സ്വത്ത് സ്വമേധയാ വെളിപ്പെടുത്തുന്നത്.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം. ഏപ്രിൽ ഒന്നിന് നടന്ന ഫുൾ കോർട്ട് മീറ്റിംഗിൽ സുപ്രീംകോടതി ജഡ്ജിമാർ തങ്ങളുടെ സ്വത്ത് സ്വമേധയാ വെളിപ്പെടുത്താൻ തീരുമാനമെടുത്തു.
1997ൽ ജഡ്ജിമാർ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് പ്രമേയം നടപ്പായിരുന്നു. എന്നാൽ അത് താത്പര്യമുള്ള ജഡ്ജിമാർ മാത്രം വെളിപ്പെടുത്തിയാൽ മതിയാകുമെന്ന് 2009ൽ വ്യവസ്ഥ ചെയ്തു. ഇതിനിടയാണ് ജസ്റ്റിസ് വർമ്മയുടെ വീട്ടിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾ പിടികൂടിയത്. തുടർന്ന് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ യശ്വന്ത് വർമ്മ നേരിടേണ്ടി വന്നിരുന്നു.
മുപ്പതോളം ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തും. ഇത് സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ചില ജഡ്ജിമാർ തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഇതിനോടകം സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് സ്വത്തുക്കൾ വെളിപ്പെടുത്തണമെന്ന മാനദണ്ഡം നേരത്തെ നിലവിലുണ്ട്.















