അവസാന ഓവറുകളിൽ റിങ്കു- അയ്യർ സഖ്യം കത്തിക്കയറിയതോടെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്‌ക്ക് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. തുടക്കം തകർച്ചയോടെയായിരുന്ന കൊൽക്കത്തയെ നായകൻ അജിൻക്യ(38) രഹാനെയും അൻഘ്രിഷ് രഘുവൻഷിയും(50) ചേർന്നാണ് രക്ഷിച്ചത്.
ഇരുവരും ചേർന്ന് 51 പന്തിൽ 81 റൺസാണ് ചേർത്തത്. ഓപ്പണർമാരായ ഡികോക്കും(1) സുനിൽ നരെയ്നും(7) സ്കോർ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാതെയാണ് കൂടാരം കയറിയത്. കമിൻസിനും ഷമിക്കുമായിരുന്നു വിക്കറ്റ്. കുറഞ്ഞ ഇടവേളകളിൽ ഇരുവരെയും നഷ്ടപ്പെട്ടത് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയായി.
എന്നാൽ ക്രീസിൽ ഒന്നിച്ച റിങ്കുവും വെങ്കിടേഷ് അയ്യറും ചേർന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു. അയ്യർ 26 പന്തിൽ 50 പൂർത്തിയാക്കി. 29 പന്തിൽ 60 റൺസെടുത്ത താരം അവസാന ഓവറിലാണ് പുറത്തായത്. അപ്പോഴേക്കും പാർട്ണർഷിപ്പ് 41 പന്തിൽ 91 റൺസായിരുന്നു.17 പന്തിൽ 32 റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഇരുവരും സീസണിൽ ആദ്യമായാണ് ഫോമിലേക്ക് ഉയർന്നത്.