മുംബൈ: ഇന്ത്യൻ സിനിമയിലെ അതികായകൻ മനോജ് കുമാർ അന്തരിച്ചു. അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമുണ്ടായ കാർഡിയോജനിക് ഷോക്കാണ് മരണകാരണം. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായി അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് മുംബൈയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഫെബ്രുവരി 21-നാണ് മനോജ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദേശഭക്തി പ്രമേയമായ നിരവധി ചിത്രങ്ങളിലൂടെയാണ് മനോജ് കുമാർ പ്രേക്ഷകശ്രദ്ധ നേടിയത്. ദേശസ്നേഹ ചിത്രങ്ങളിൽ അഭിനയിച്ച് ഭാരത് കുമാർ എന്ന വിളിപേരും ആരാധകർ നൽകിയിരുന്നു. ഷഹീദ്, ഉപ്കാർ, രംഗ് ദേ ബസന്തി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ സംവിധായകനാണ് മനോജ് കുമാർ.
ദേശീയ ചലച്ചിത്ര അവാർഡും ഏഴ് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1992-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2015-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.















