കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കേസിൽ ഗായകൻ അലോഷിയാണ് ഒന്നാം പ്രതി. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസിൽ പ്രതികളാണ്.
ഇന്നലെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി പ്രസ്താവിച്ചിരുന്നു. എന്നാൽ, സദസ്സിന്റെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്.
മാർച്ച് 10ന് തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനമേളയിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഇന്നലെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നു. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അമ്പലപ്പറമ്പിൽ അനുവദിക്കാനാവാത്തതാണ് അന്ന് നടന്നത്. ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തിയത്. പൊലീസ് കേസെടുക്കേണ്ടതായിരുന്നു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോയെന്നും കോടതി ചോദിച്ചു.















