ന്യൂഡൽഹി: രാജ്യസഭയിൽ വഖ്ഫ് ഭേദഗതി ബിൽ പാസായതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു നിർണായക നടപടിയാണെന്നും സാമൂഹിക- സാമ്പത്തിക നീതി, സുതാര്യത, വളർച്ച എന്നിവയ്‌ക്ക് ശക്തിപകരുന്നതാണ് വഖ്ഫ് ഭേദഗതി ബില്ലെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുന്നതാണ് വഖ്ഫ് ഭേദഗതി ബിൽ. ഇത് മുസ്ലീം സ്ത്രീകളുടെ താത്പര്യങ്ങൾക്ക് എതിരായിരുന്നു. പാവപ്പെട്ട മുസ്ലീം സ്ത്രീകളെയാണ് ദോഷമായി ബാധിച്ചത്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ സുതാര്യത വർദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ചർച്ചകളിൽ പങ്കെടുത്തവർക്ക് നന്ദി. വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു”.
കഴിഞ്ഞ പതിറ്റാണ്ടുകളായി സുതാര്യമില്ലായ്മയുടെയും നിരുത്തരവാദിത്വത്തിന്റെയും പര്യായമായിരുന്നു വഖ്ഫ് സംവിധാനം. പുതിയ നിയമം ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കും. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷം നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് വഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായത്. 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേര്‍ എതിര്‍ത്തിരുന്നു. ബുധനാഴ്ചയാണ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയത്.