ന്യൂഡൽഹി: കോൺഗ്രസ് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ രാജ്യസഭയിൽ. മുസ്ലീം സമുദായത്തിനിടയിലെ മുത്തലാഖ് നിരോധിച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ മുസ്ലീം സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നെന്നും ജെ പി നദ്ദ പറഞ്ഞു. വഖ്ഫ് ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിലാണ് പ്രതികരണം.
“രാജ്യത്തെ മുസ്ലീം സ്ത്രീകളെ കോൺഗ്രസ് രണ്ടാംകിട പൗരന്മാരാക്കി. ഇന്ത്യയിൽ മാത്രമാണ് മുസ്ലീം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാത്തത്. ഈജിപ്ത്, സുഡാൻ, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ മുത്തലാഖ് നിരോധിച്ചിരുന്നു.
വർഷങ്ങളോളം യുപിഎ സർക്കാർ അധികാരത്തിലിരുന്നിട്ടും മുസ്ലീം സ്ത്രീകൾക്ക് വേണ്ടി അവർ യാതൊന്നും ചെയ്തിട്ടില്ല. വാഗ്ദാനങ്ങളിലല്ല, പ്രവർത്തികളിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ന് കോടിക്കണക്കിന് മുസ്ലീം സഹോദരിമാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനം ചരിത്രപരമാണ്”.
വഖ്ഫ് ഭൂമികൾ ഏറ്റെടുക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ല. എന്നാൽ അവയിലൂടെ നടക്കുന്ന ക്രമക്കേട് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നദ്ദ പറഞ്ഞു.