എറണാകുളം: തനിക്ക് ലഭിക്കേണ്ടിയിരുന്ന വീട് ഏഴംഗ കുടുംബത്തിന് കൈമാറിയ കൗൺസിലർക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തൃപ്പുണ്ണിത്തുറ മുൻസിപ്പാലിറ്റിയിലെ ഇളമനത്തോപ്പ് വാർഡ് ബിജെപി കൗൺസിലർ വള്ളി രവിക്കാണ് വീട് യാഥാർത്ഥ്യാമായത്. സംഘവും ബിജെപിയും ഒത്തൊരുമിച്ചാണ് വീട് നിർമിച്ച് നൽകിയത്. ആർഎസ്എസ് ദക്ഷിണ പ്രാന്തപ്രചാരക് എസ്. സുദർശനൻ വീടിന്റെ താക്കോൽ കൈമാറി.
ഇരുമ്പനം എച്ച്ഒസി ടൗൺഷിപ്പിന് സമീപം ഇളമനത്തോപ്പിലാണ് വീട് നിർമിച്ചത്. വർഷങ്ങളായി വാടക വീട്ടിലാണ് വള്ളി രവിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇതിനിടെ 2017ൽ വർമ്മാ ഹോംസിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും വള്ളി രവിക്ക് വീട് അനുവദിച്ചു. എന്നാൽ തന്നേക്കാൾ ദുരിതം അനുഭവിക്കുന്ന, പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടി താമസിക്കുന്ന കുടുംബം ഉണ്ടെന്നും അവർക്ക് വീട് നൽകായാൽ മതിയെന്നും വള്ളി രവി വർമ്മാ ഹോംസ് അധികൃതരോട് പറഞ്ഞു. ഇതോടെ സ്ത്രീകളും കുട്ടികളും മാത്രം അടങ്ങുന്ന ഏഴംഗ കുടുംബത്തിന് വർമ്മാ ഹോംസ് വീട് കൈമാറി.
പിന്നീലെ മാനവ സേവയെ മാധവ സേവയായി കാണുന്ന കൗൺസിലറുടെ നന്മ തിരിച്ചറിഞ്ഞ സഹപ്രവർത്തകർ വള്ളി രവിക്ക് വീടെന്ന സ്വപ്നത്തിനായി ഒത്തുചേർന്നു. ഇതോടെ എല്ലാംവിധ സൗകര്യങ്ങളോടും കൂടിയ വീട് ഉയരുകയായിരുന്നു.















