എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മേജർ രവി. എമ്പുരാൻ കൊള്ളില്ലാന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും മോഹൻലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ലെന്നും മേജർ രവി പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നുവെന്ന മല്ലിക സുകുമാരന്റെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തിയെന്ന് പറയുന്നുണ്ട്. ഞാൻ എവിടെയും പടം മോശമാണെന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കലി നല്ല സിനിമ തന്നെയാണ്. പക്ഷേ, രാജ്യദ്രോഹകരമായ കാര്യങ്ങൾ അതിലുണ്ട്. അത് ഞാൻ എപ്പോഴും പറയുന്നു. ആദ്യം തന്നെ ഒരു സിനിമയെ കുറിച്ച് നെഗറ്റീവ് പറയേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത്. എന്നാൽ ജനം ഇളകിയതോടെയാണ് അഭിപ്രായം പറഞ്ഞത്.
1994 മുതലുള്ള ബന്ധമാണ്. എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട കാര്യമില്ല. പടം ചെയ്താലും ഇല്ലെങ്കിലും ആ ബന്ധം അങ്ങനെ തന്നെയുണ്ടാകും. ലാലിനോട് മരിക്കുന്നത് വരെ എനിക്കൊരു കടപ്പാടുണ്ട്. എന്നെ മേജർ രവിയാക്കിയത് മോഹൻലാലാണ്. ആരെന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല.
സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് എല്ലാം പകുതിക്ക് കൊണ്ടുവന്ന് അവതരിപ്പിച്ചതേല്ല. അതാണ് ജനങ്ങൾ ഇളകാൻ കാരണം. ഞാൻ പ്രിവ്യൂ കണ്ടിട്ടുണ്ടോയെന്ന് ആന്റണിയോട് തന്നെ ചോദിക്കണം. ഞാൻ പ്രിവ്യൂ കണ്ടിട്ടില്ല. എനിക്കെതിരെ വരുന്ന ട്രോളും കാര്യങ്ങളൊന്നും ഞാൻ കാണാറില്ല. ഒരു വിഭാഗം ആളുകളാണ് അതിൽ തെറി വിളിക്കുന്നതെന്ന് നന്നായി അറിയാം. എന്നെ അതൊന്നും ബാധിക്കില്ല. ബുള്ളറ്റുകളെ ഭയന്നിട്ടില്ല പിന്നെയാണോ സൈബറാക്രമണങ്ങളെന്നും മേജർ രവി പറഞ്ഞു.