ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ കൂടിക്കാഴ്‌ച നടത്തി.ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് യൂനുസും മോദിയും കൂടിക്കാഴ്ച നടത്തിയത്. 2024 ഓഗസ്റ്റിൽ ഷെയ്‌ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയാണിത്.
ഇന്നലെ രാത്രി നടന്ന ബിംസ്റ്റെക് നേതാക്കളുടെ അത്താഴവിരുന്നിൽ മോദിയും യൂനുസും അടുത്തടുത്തായാണ് ഇരുന്നത്.
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്ന യൂനുസിന്റെ പരാമർശംവിവാദമായിരുന്നു.
ചൈനീസ് സന്ദർശനത്തിനിടെയുണ്ടായ ഈ സംഭവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
ബംഗ്ലാദേശിന് മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്‌ക്ക് ബംഗ്ലാദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിംഗിൽ യൂനുസ് പറഞ്ഞു. ബംഗ്ലാദേശിൽ ചൈനീസ് നിക്ഷേപം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് പറഞ്ഞത് എന്നാണ് നിരീക്ഷകർ പറയുന്നത്.
നേരത്തെ, ഉച്ചകോടിക്കിടെ യൂനുസും മോദിയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തുന്നതിനായി ബംഗ്ലാദേശ് നയതന്ത്ര മാർഗത്തിലൂടെ ഇന്ത്യയെ സമീപിച്ചിരുന്നു.