അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ചെയർമാൻ സത്യനാരായണൻ നുവാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകളാണ് പിനാക.
അർമേനിയയിലേക്ക് പിനാക റോക്കറ്റ് ലോഞ്ചറുകൾ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇതിന് പിന്നാലെ പിനാക വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഫ്രാൻസ് രംഗത്തെത്തി. ഇന്ത്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പിനാക വാങ്ങാൻ സ്പെയിൻ താത്പര്യപ്പെടുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന ജനപ്രീതി ഉയരുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
എന്താണ് പിനാക?
ഇന്ത്യയുടെ ഡിആർഡിഒ വികസിപ്പിച്ച ബാരൽ റോക്കറ്റ് ലോഞ്ചർ ആണ് പിനാക. സോളാർ ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ചേർന്നാണ് ഡിആർഡിഒയുടെ നേതൃത്വത്തിൽ പിനാക നിർമ്മിച്ചത്. 1.2 ടൺ ഭാരം വഹിക്കാൻ പിനാകയ്‌ക്ക് കഴിയും. 90 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടാർഗെറ്റുകളും ശത്രു താവളങ്ങളേയും കൃത്യതയോടെ പ്രഹരിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. 44 സെക്കൻഡിൽ 12 തവണ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. ടെലിമിനേറ്ററി, റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ടാർജെറ്റിംഗ് സിസ്റ്റം എന്നിവയും റോക്കറ്റിലുണ്ട്.