ബാങ്കോക്ക്: തായ്‌ലൻഡിൽ നടന്ന ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ആൻഡ് ടെക്‌നിക്കൽ കോ-ഓപ്പറേഷൻ (ബിംസ്റ്റെക്) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷടാവ് മുഹമ്മദ് യൂനുസും. ചർച്ചയിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മോദി ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം വഷളാക്കുന്ന പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കണമെന്നും യൂനുസിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സാമ്പത്തിക സ്വാധീനം വ്യാപിപ്പിക്കാൻ ചൈനയെ ക്ഷണിച്ചുകൊണ്ട് യൂനുസ് നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. നേരത്തെ ബംഗ്ലാദേശ് നേതാവിന്റെ പ്രസ്താവനയെ ഇന്ത്യ അപലപിച്ചിരുന്നു.
ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ചർച്ചയ്‌ക്കിടെ ആവർത്തിച്ചു.”ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ബംഗ്ലാദേശുമായി ക്രിയാത്മകവും പോസിറ്റീവുമായ ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി,” വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി ബംഗ്ലാദേശ് നേതാവിനോട് പങ്കുവച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങളും സമഗ്രമായി അന്വേഷിച്ച് ബംഗ്ലാദേശ് സർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അതിർത്തി സുരക്ഷയും ചർച്ചയിലെ ഒരു പ്രധാന വിഷയമായിരുന്നു, നിയമവിരുദ്ധമായ കടന്നുകയറലുകൾ തടയുന്നതിന് നിയമം കർശനമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.