കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സുകാന്ത് സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ച് ഹൈക്കോടതി. നിരപരാധിയാണെന്നും യുവതിയുടെ ആത്മഹത്യയുമായി തനിക്ക് ബന്ധമില്ലെന്നുമുള്ള സുകാന്തിന്റെ വാദം കോടതി ചോദ്യം ചെയ്തു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്‌ക്ക് കാരണമെന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. നിങ്ങൾക്കൊപ്പം താമസിച്ച ഉദ്യോഗസ്ഥ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു സുകാന്തിനോട് കോടതി ചോദിച്ചത്. ഒപ്പം താമസിച്ചയാളുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ഉത്തരവാദിത്തം പ്രതിക്കുണ്ട്. രക്ഷപ്പെടാനും ഒളിച്ചിരിക്കാനും ഇപ്പോൾ കഴിയുമെന്നും ഹൈക്കോടതി വിമർശിച്ചു. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി, അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കില്ലെന്ന് വ്യക്തമാക്കി.















