കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്-7ലേക്കാണ് ജില്ലാ കോടതി കുറ്റപത്രം കൈമാറിയത്.
ഇന്നലെയാണ് എസ്എഫ്ഐഒ ജില്ല കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. അതിന്റെ തുടർ നടപടിയാണ് വിചാരണ കോടതിയിലേക്കുള്ള കേസ് കൈമാറ്റം. അടുത്തപടിയായി പ്രതികൾക്ക് കോടതി സമൻസ് അയച്ച് വിചാരണ നടപടികൾ ആരംഭിക്കും.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വെളിവായിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. യാതൊരു സേവനങ്ങളും നൽകാതെ സിഎംആർഎൽ വീണാ വിജയന്റെ എക്‌സാലോജിക്‌സ് എന്ന കമ്പനിക്ക് 2.7 കോടി രൂപ കൈമാറിയെന്നാണ് കുറ്റപത്രത്തിൽ എസ്എഫ്ഐഒ വ്യക്തമാക്കിയത്.
നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവ് ലഭിക്കാം. പിഴയായി കൈപ്പറ്റിയ തുകയോ മൂന്നിരട്ടിയോ തിരച്ചടയ്‌ക്കേണ്ടി വരും. കേസിനെതിരെ വീണാ വിജയനും മറ്റു പ്രതികളും മേൽക്കോടതിയെ സമീപിക്കാനും നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്.















