ചണ്ഡീഗഢ്: പഞ്ചാബിൽ ഹെറോയിനുമായി പിടിയിലായ പൊലീസുകാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുതിർന്ന വനിതാ കോൺസ്റ്റബിളായ അമൻദീപ് കൗറാണ് 17.71 ഗ്രാം ഹെറോയിനുമായി പിടിയിലായത്. പഞ്ചാബ് സർക്കാരിന്റെ ലഹരി വിരുദ്ധ ഡ്രൈവിലാണ് ഇവർ അറസ്റ്റിലാകുന്നത്. ബത്തിന്‍ഡയിലെ ഫ്‌ളൈഓവറിന് സമീപത്ത് നിന്നാണ് ആൻഡി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഥാർ എന്ന വാഹനത്തിൽ നിന്ന് ഇവരെ ലഹരി മരുന്നുമായി പിടികൂടുന്നത്. കാറിന്റെ ഗിയർ ഷിഫ്റ്റിന് സമീപം ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഇവരെ മയക്കുമരുന്നുമായി പിടികൂടിയ വിവരവും പിരിച്ചുവിട്ട കാര്യവും ഐജി സുഖ്ചെയിൻ സിംഗ് സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയയിൽ ഇൻസ്റ്റ ക്വീൻ എന്നറിയപ്പെടുന്ന വൈറൽ താരമാണ് അമൻദീപ് കൗർ. പതിവായി ഇൻസ്റ്റഗ്രാമിൽ പൊലീസ് യൂണിഫോമിൽ റീലുകൾ പങ്കുവയ്‌ക്കുമായിരുന്നു. 40,000 ത്തോളം പേരാണ് ഇവരെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന യുവതിക്കെതിരെ വിവിധ ആരോപണങ്ങളും ഉയർന്നിരുന്നു. 2 കോടി രൂപയുടെ വീടാണ് ഇവർക്കുണ്ടായിരുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകളാണ് ഉപയോഗിക്കുന്നത്. ആംബുലൻസ് ഡ്രൈവറായ ബൽവീന്ദർ സിംഗുമായി ലിവിംഗ് ടുഗദെറിലാണ് മുൻ പാെലീസുകാരിയെന്നും വിവരമുണ്ട്. ആംബുലൻസ് ഉപയോഗിച്ച് ഇവർ ലഹരി വിതരണം നടിത്തെയെന്നും സംശയമുണ്ട്.