എറണാകുളം: നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഇമെയിൽ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ നേരിട്ടോ അല്ലാതെയോ ആദായ നികുതി വകുപ്പിന് കൈമാറണമെന്നാണ് നിർദേശം.
മാർച്ച് 29-നാണ് കൊച്ചി ആദായ വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് പോയത്. കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ പാതി നിർമാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭിനേതാവ് എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതിയായി കൂടുതൽ തുക അടയ്‌ക്കേണ്ടി വരും. എന്നാൽ കോ പ്രൊഡ്യൂസറായി വരുമ്പാേൾ അതിന്റെ നികുതി തുക കുറവാണ്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം നൽകേണ്ടത്.
വരുമാനവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. സ്വാഭാവിക നടപടി എന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള പ്രതികാര നടപടിയാകാം എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ ആദായനികുതി വകുപ്പ് ഈ വാദം പൂർണമായും തള്ളുകയാണ്.
ഒരു വർഷം മുമ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. ഈ നടപടികളുടെ തുടർച്ചയായാണ് നോട്ടീന് അയച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണം.















