മലപ്പുറത്ത് ഈഴവ വിഭാഗങ്ങൾ കടുത്ത അവഗണന നേരിടുന്നുണ്ടെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായ അംഗങ്ങൾ ഭയപ്പാടോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. സംഘടിച്ച് വോട്ടുബാങ്കായി നിൽക്കാത്തതാണ് അവഗണനയ്ക്ക് കാരണം. മലപ്പുറം ജില്ല പ്രത്യേക രാജ്യമോ സംസ്ഥാനമോ ആണോ? ഇവിടെ സ്വതന്ത്രമായൊരു അഭിപ്രായം പറഞ്ഞ് ജീവിക്കാൻ പോലും കഴിയാനാകാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വോട്ടുകുന്തി യന്ത്രങ്ങൾ മാത്രമായി മലപ്പുറത്തെ ഈഴവ സമുദായവും മറ്റ് പിന്നാക്ക വിഭാഗവും മാറി. സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്ന സാഹചര്യമാണിത്. പിന്നാക്ക വിഭാഗം സംഘടിച്ച് നിൽക്കാത്തതാണ് ഈ അവഗണനയ്ക്ക് കാരണം. മലപ്പുറത്ത് സാമൂഹിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതി ഈഴവർക്ക് ലഭിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് സമുദായംഗങ്ങൾക്ക് ഇടം ലഭിക്കുന്നത്. മറ്റ് ചിലർ എല്ലാം സ്വന്തമാക്കുകയാണ്. തെരഞ്ഞെടുപപ്പ് വരുമ്പോൾ കണ്ണേ, കരളേ എന്ന് പറയുന്നവർ ഈഴവരുടെ വോട്ട് പെട്ടിയിലാക്കിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്, ചില പ്രത്യേക മനുഷ്യരുടെ സംസ്ഥാനം. ഇന്ത്യ സ്വാതന്ത്ര്യം നേടി ഇത്ര കാലമായിട്ടും അതിന്റെ ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരിയുള്ളതിനാൽ, അവിടെയൊരു സ്ഥാപനമുള്ളതിനാൽ നിങ്ങളിൽ ചിലർക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരമുണ്ടായി. (മഞ്ചേരി NSS കോളേജിനെയായിരുന്നു വെള്ളാപ്പള്ളി പരോക്ഷമായി പരാമർശിച്ചത്).















