ചെന്നൈ : എമ്പുരാൻ വിവാദം തമിഴ്‍നാട്ടിലേക്കും പടരുന്നു. ചിത്രത്തിൽ ഡാമിനെക്കുറിച്ചുള്ള ഭീതി ജനകമായ പരാമർശമുണ്ടെന്നും അതിനാൽ അതും എഡിറ്റ് ചെയ്യണമെന്നും സിനിമ തന്നെ നിരോധിക്കണമെന്നുമാണ് തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതാക്കളായ വൈകോയും ഒ പനീർസെൽവവും ആവശ്യപ്പെടുന്നത്.
നെടുമ്പള്ളിയിലെ ഒരു അണക്കെട്ടിനെക്കുറിച്ചുള്ള ചിത്രത്തിലെ പരാമർശമാണ് ചില തമിഴ്‌നാട് രാഷ്‌ട്രീയക്കാരെ പ്രകോപിതരാക്കിയത്.
സാങ്കൽപ്പികമായ നെടുമ്പള്ളി അണക്കെട്ടിനും യഥാർത്ഥമായാ മുല്ലപെരിയാർ അണക്കെട്ടിനും ഇടയിലുള്ള സമാനതകളെ എംഡിഎംകെയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വൈകോ ബന്ധിപ്പിച്ചു സംസാരിക്കുകയായിരുന്നു. ഇത് ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ തർക്കവിഷയമാണ് എന്ന് വൈക്കോ പറഞ്ഞു . സമാനതകൾ ചൂണ്ടിക്കാട്ടിയ വൈകോ, അത്തരം രംഗങ്ങൾ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുമെന്നും പറഞ്ഞു. വിവാദപരമായ രംഗങ്ങളും സംഭാഷണങ്ങളും എഡിറ്റ് ചെയ്തില്ലെങ്കിൽ എമ്പുരാനെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബോംബ് ഉപയോഗിച്ച് അണക്കെട്ട് തകർക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ എമ്പുരാനിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എമ്പുരാനെ വീണ്ടും എഡിറ്റ് ചെയ്യണമെന്ന് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം ആവശ്യപ്പെട്ടു . തേനി ജില്ലക്കാരനായ പനീർസെൽവം തന്റെ മണ്ഡലത്തിലെ ചില കർഷകർ എമ്പുരാനിൽ ‘വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനെക്കുറിച്ച്’ തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഭയം വളർത്തുന്നത് രണ്ട് സംസ്ഥാനങ്ങൾക്കും അവരുടെ ജനങ്ങൾക്കും ഇടയിലുള്ള ബന്ധത്തിന് ഒരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞാൻ ആ സിനിമ കണ്ടിട്ടില്ല, പക്ഷേ കണ്ട ആളുകൾ അതിനെക്കുറിച്ച് പറയുമ്പോൾ, എനിക്ക് ഒരേ സമയം ഭയവും ദേഷ്യവും തോന്നുന്നു. അത്തരമൊരു രംഗം യഥാർത്ഥത്തിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ, അത് അനാവശ്യമാണ്… ഈ സിനിമ മറ്റ് സംസ്ഥാനങ്ങളിൽ പോലും പ്രശ്‌നമുണ്ടാക്കിയേക്കാം,” മന്ത്രി ദുരൈ മുരുകൻ തമിഴ് നാട് നിയമസഭയിൽ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടതായി കരുതുന്ന രംഗങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തുക എന്നതാണ് ആവശ്യമെന്ന് സ്പീക്കർ എം അപ്പാവു പറഞ്ഞു. “ആ രംഗങ്ങൾ മുറിച്ചുമാറ്റിയാലും ഒരു പ്രശ്നവുമില്ല. പരിശോധിച്ച് തീരുമാനമെടുക്കുക,” അദ്ദേഹം പറഞ്ഞു.
“സിനിമ പുറത്തിറങ്ങിയതിന് ശേഷം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവാദ രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്” എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ നിയസഭയിൽ പ്രസ്താവിച്ചതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നു.