കണ്ണൂർ: ഓൺലൈൻ പശു വിൽപ്പനയുടെ മറവിൽ ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ മട്ടന്നൂർ സ്വദേശിയും ക്ഷീര കർഷകനുമായ റഫീഖിനാണ് പണം നഷ്ടമായത്.
ക്ഷീര കർഷകനായ റഫീഖ് ജിത്തു റെവല്യൂഷണറി ഫാർമർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പശു വിൽപ്പനയുടെ പരസ്യം കണ്ടത്. ദൃശ്യത്തിൽ നല്ല കറവയുള്ള പശുവിനെയാണ് കാണിച്ചത്. വിൽപ്പനക്കാരൻ രാജസ്ഥാനിൽ ആണെന്നും ഇതിൽ പറയുന്നുണ്ട്. വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പത്ത് പശുക്കളും രണ്ട് എരുമയും അടക്കം അഞ്ചര ലക്ഷം രൂപയ്‌ക്ക് കച്ചവടം ഉറപ്പിച്ചു. മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ലാഭകരമാണ് ഇടപെടെന്നാണ് റഫീഖിന് തോന്നുകയും ചെയ്തു.
പിന്നാലെ രാജസ്ഥാൻ സംഘം ആവശ്യപ്പെട്ട പോലെ അഡ്വാൻസായി ഒരു ലക്ഷം രൂപ ഗൂഗിൾ പേ വഴി അയച്ചു നൽകുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പശുവുമില്ല, അഡ്ചാൻസായി നൽകിയ തുകയുമില്ല. തട്ടിപ്പാണെന്ന് മനസ്സിലായതോടെ റഫീഖ് സൈബർ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെട്ടുകയായിരുന്നു. കേസ് ഇപ്പോൾ മട്ടന്നൂർ പൊലീസിന് കൈമാറിയിരിക്കുകയാണ്.















