ഗോകുലം ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ഇഡി. ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ നൽകിയിരിക്കുന്നത്.
എക്സ് പോസ്റ്റ്:
ഏപ്രിൽ നാല്, അഞ്ച് തീയതികളിലായി ഇഡിയുടെ കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപ പിടികൂടി. ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതിയിലുമാണ് റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിൽ രണ്ടിടത്തും കോഴിക്കോടും റെയ്ഡ് നടന്നിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. – ഇഡി എക്സിൽ കുറിച്ചു.
ED, Cochin Zonal Office has conducted search operations on 04.04.2025 and 05.04.2025 under the provisions of FEMA, 1999 at 1 location in Kozhikode, Kerala and in 2 locations in Chennai, Tamil Nadu at the residential and business premises of M/s Sree Gokulam Chits and Finance Co… pic.twitter.com/QfPrJAMJgz
— ED (@dir_ed) April 5, 2025
ഗോകുലം ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ്, ചെന്നൈ കോടമ്പാക്കത്തെ ഓഫിസ്, ഗോകുലം ഗോപാലന്റെ മകനും ഗോകുലം ഗ്രൂപ്പ് എംഡിയുമായ ബൈജുവിന്റെ വസതി എന്നിവിടങ്ങളിലായിരുന്നു ഇഡി റെയ്ഡ്. 14 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ നിർണായക രേഖകൾ പലതും പിടിച്ചെടുത്തിരുന്നു. 2022ൽ ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിനെതിരെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നാണ് ഇഡി അറിയിക്കുന്നത്.