കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ അടിമുടി മാറി വടകര റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അമൃത്ഭാരത് പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സ്റ്റേഷനാണിത്. അവസാനവട്ട മിനുക്കുപണികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.
വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് സ്റ്റേഷനിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. കേരളീയ ശൈലിയിലാണ് പ്രധാന കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേറി ചെല്ലുന്ന പ്രധാന പാതയുടെ ഇരുവശത്തും മദ്ധ്യത്തിലുമായി പൂന്തോട്ടമുണ്ട്. പുൽത്തകിടി വിരിച്ച ഭാഗത്ത് ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തിൽ വെർട്ടിക്കൽ ഗാർഡൻ, മനോഹരമായ ചുവർ ചിത്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
22 കോടി ചെലവഴിച്ചാണ് സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്. സിസ്പ്ലേ ബോർഡുകൾ, സിസിടിവികൾ, ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങൾ, എല്ലാം പ്ലാറ്റ്ഫോമുകളിലും മേൽക്കൂരകൾ എന്നിവ ഇവിടെ സജജീകരിച്ചിട്ടുണ്ട്. കൂടാതെ പഴയ ടിക്കറ്റ് കൗണ്ടറും പ്ലാറ്റ്ഫോമുകളുടെയും മോടികൂട്ടുകയും ചെയ്തു.
റോഡിന്റെ അവസാന ഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. 8,500 ചതുരശ്രയടിയാണ് വാഹന പാർക്കിംഗിന് മാത്രമായി ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 20,000 ചതുരശ്രയടിയുള്ള പാർക്കിംഗ് ഏരിയ കൂടി നിർമിക്കും.















