ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ 2025 നിയമമായി. മാരത്തൺ ചർച്ചകൾ ശേഷം ലോക്സഭയിലും രാജ്യസഭയിലും പാസായ വഖ്ഫ് ബിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച ഒപ്പുവച്ചതോടെയാണ് നിയമമായത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പുതിയ വഖ്ഫ് നിയമം പ്രാബല്യത്തിൽ വരും.
രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലും നോക്കിനടത്തുന്നതിലും നിലവിലുള്ള നിയമങ്ങളിലും മാനദണ്ഡങ്ങളിലും പരിഷ്കാരം വരുത്തിയതാണ് പുതിയ വഖ്ഫ് ഭേദഗതി നിയമം. 1995ലെ വഖ്ഫ് നിയമത്തെ പൊളിച്ചെഴുതിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
ഏപ്രിൽ മൂന്നിന് ലോക്സഭയിലും ഏപ്രിൽ നാലിന് രാജ്യസഭയിലും ബിൽ പാസായിരുന്നു. തുടർന്നാണ് ശനിയാഴ്ച വൈകിട്ട് ബിൽ രാഷ്‌ട്രപതിക്ക് മുൻപാകെ എത്തിയത്.
ഭരണഘടാവിരുദ്ധമെന്നും കാടൻ നിയമമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പഴയ വഖ്ഫ് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ ‘ഭരണഘടനാവിരുദ്ധവും’ മുസ്ലീങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ആണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. വഖ്ഫ് ബിൽ ഇരുസഭകളിലും പാസായതോടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മുസ്ലീം ലീഗും സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട്.