ന്യൂഡൽഹി: അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശിയായ 24-കാരി പ്രിയങ്കയാണ് മരിച്ചത്. പ്രതിശ്രുത വരനൊപ്പം അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ കയറിപ്പോഴായിരുന്നു അപകടം. റോളർ കോസ്റ്ററിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു പ്രിയങ്ക. ഡൽഹിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.
ചാണക്യപുരിയിൽ സെയിൽസ് മാനേജറായിരുന്നു പ്രിയങ്ക. ഏതാനും ദിവസങ്ങൾ മുൻപായിരുന്നു നിഖിലുമായി വിവാഹനിശ്ചയം നടന്നത്. അവധി ദിവസം അടുത്തുള്ള ഫൺ ആൻഡ് ഫുഡ് വില്ലേജ് എന്ന അമ്യൂസ്മെന്റ് പാർക്കിലേക്ക് പോയതായിരുന്നു ഇരുവരും. പൂളിൽ കളിച്ച ശേഷം വിവിധ റൈഡുകളിൽ കയറിയിറങ്ങി. ഒടുവിൽ റോളർ കോസ്റ്ററിൽ കയറുകയായിരുന്നു. പെട്ടെന്ന് റൈഡിന്റെ സ്റ്റാൻഡ് തകരുകയും പ്രിയങ്ക താഴേക്ക് വീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പങ്കാളിയായ നിഖിലിന്റെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അമ്യൂസ്മെന്റ് പാർക്കിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് യുവതിയുടെ ജീവനെടുത്തതെന്നും സുരക്ഷ ഉറപ്പാക്കിയില്ലെന്നും കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രിയങ്കയുടേയും നിഖിലിന്റേയും വിവാഹനിശ്ചയം. പങ്കാളിയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് നിഖിൽ.















