മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത്. മലപ്പുറം ചട്ടിപ്പറമ്പിലാണ് സംഭവം. അസ്മ എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് ഭർത്താവ് സിറാജുദ്ദീൻ സ്വദേശമായ മൃതദേഹം കൊണ്ടുപോയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറത്ത് വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു സിറാജുദ്ദീനും അസ്മയും മക്കളും. വെള്ളം മന്ത്രിച്ച് നൽകിയും മന്ത്രവാദങ്ങൾ നടത്തിയും ഉപജീവനം കണ്ടെത്തുന്നയാളാണ് സിറാജുദ്ദീൻ. അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നില്ല കുടുംബമെന്നാണ് വിവരം.
ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന് ആശുപത്രി പ്രസവത്തോട് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് അഞ്ചാമത് നടന്ന പ്രസവത്തിന് പിന്നാലെയാണ് ഭാര്യ അസ്മ മരിച്ചത്. സംഭവത്തിന് പിന്നാലെ മൃതദേഹം സംസ്കരിക്കാൻ പെരുമ്പാവൂരിലേക്ക് എത്തിക്കാൻ ശ്രമിച്ചപ്പോൾ അസ്മയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.