മലപ്പുറം: വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. അസ്മയെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് സിറാജുദ്ദീന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. അസ്മ ഗർഭിണിയായിരുന്ന കാര്യം മറച്ചുവെക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആശാപ്രവർത്തകരോ നാട്ടുകാരോ അറിഞ്ഞാൽ ആശുപത്രിയിൽ പോകേണ്ടി വരുമെന്നതിനാലാണ് വിവരം മറച്ചുവച്ചത്. കഴിഞ്ഞ ജനുവരിയിൽ ആശാപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അസ്മ ഗർഭിണിയല്ലെന്ന വിവരമാണ് നൽകിയതെന്ന് വാർഡ് മെമ്പർ പറഞ്ഞു.
പെരുമ്പാവൂർ അറയ്‌ക്കപ്പടി സ്വദേശിയാണ് അസ്മ. ആലപ്പുഴ സ്വദേശി ഭർത്താവ് സിറാജുദ്ദീനും മക്കൾക്കുമൊപ്പം മലപ്പുറം ചക്കിട്ടപ്പാറയിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. 35 വയസായിരുന്നു. അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങൾ എവിടെ വച്ചാണ് നടത്തിയതെന്നതിൽ വ്യക്തതയില്ല. നാലാമത്തെ പ്രസവം വീട്ടിൽ വച്ചാണ് നടത്തിയത്. ഒടുവിൽ അഞ്ചാമത്തെ പ്രസവവും വീട്ടിൽ തന്നെ നടത്തിയതിന് പിന്നാലെയായിരുന്നു അസ്മയുടെ മരണം. അക്യുപങ്ചർ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു.
മരണശേഷം അസ്മയുടെ മൃതദേഹവുമായി ഭർത്താവ് പെരുമ്പാവൂരിലേക്ക് പോയിരുന്നു. പെരുമ്പാവൂരാണ് അസ്മയുടെ സ്വദേശം. നവജാത ശിശുവിനെയും മറ്റ് നാല് മക്കളെയും കൊണ്ട് പെരുമ്പാവൂരിലെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ പ്രശ്നമുണ്ടാക്കി. അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൾ മരിച്ചുവെന്ന് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അസ്മയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.















