ശ്രീനഗർ: ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ. ജമ്മുവിലെത്തിയ കേന്ദ്രമന്ത്രി പ്രാദേശിക, സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗങ്ങളുമായും പ്രധാന പാർട്ടി നേതാക്കന്മാരുമായും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി.
ഇന്ന് കത്വയിലെ നിയന്ത്രണ രേഖയും (എൽഒസി) അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) ‘വിനയ്’ ഔട്ട്‌പോസ്റ്റും സന്ദർശിക്കും. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം. അമർനാഥ് യാത്രക്ക് മുന്നോടിയായി സുരക്ഷ കർശനമാക്കൻ അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.
ജമ്മുവിലെത്തിയ ആഭ്യന്തരമന്ത്രി 2023 സെപ്റ്റംബർ 13 ന് കൊക്കർനാഗിലെ ഗാരോളിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദർശിക്കും. തുടർന്ന് കേന്ദ്ര ഭരണ പ്രദേശത്തെ വിവിധ വികസന പരിപാടികൾ അവലോകനം ചെയ്യുന്നതിനായി അദ്ദേഹം ശ്രീനഗറിലേക്ക് പോകും. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസ് സർക്കാർ രൂപീകരിച്ചതിനുശേഷം ജമ്മു കശ്മീരിലേക്കുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്.















