കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനെ ദൈവസമാനം പുകഴ്‌ത്തി കണ്ണൂരിൽ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടു. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സമാപിച്ച ദിവസമാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ആർ.വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
“തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞുനിൽക്കും ഈ സഖാവ്… പി.ജെ…” എന്നാണ് പി. ജയരാജന്‍റെ വലിയ ചിത്രം ഉള്ള ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്.
സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി. ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. ജയരാജൻ നാട്ടിലെത്തുമ്പോൾ വീരോചിതമായ സ്വീകരണം എന്ന രീതിയിലാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പി. ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.പക്ഷെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പി ജയരാജനെ വെട്ടി ഒതുക്കുകയായിരുന്നു.