പുത്രവാൽസല്യം കൊണ്ട് അന്ധരായവരാണ് നമ്മുക്ക് ചുറ്റും കൂടുതലായുള്ളത്. ചെയ്യാത്ത സേവനത്തിന് പണം വാങ്ങി നിയമക്കുരുക്കിലായ ഒരു മകളും അച്ഛനും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മകളുടെ കമ്പനിക്ക് വേണ്ടി അച്ഛൻ നൽകിയ വഴിവിട്ട സഹായങ്ങളിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തിയ കാര്യം പ്രസക്തമാകുന്നത്.
തന്റെ സമ്പത്തിന്റെ ഒരു ശതമാനം മാത്രമേ മക്കൾക്ക് നൽകുവെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. കുട്ടികളെ മികച്ച രിതിയിൽ വളർത്തി വലുതാക്കി. നല്ല വിദ്യാഭ്യാസം നൽകി. ഇനി അവർക്കാവശ്യമുള്ള സമ്പത്തും ജീവിത വിജയവും അവർ സ്വന്തമായി കെട്ടിപ്പടുക്കണം. അല്ലാതെ പിതാവിൽ നിന്നും ലഭിക്കുന്ന സമ്പത്ത് പ്രതീക്ഷിച്ചിരിക്കരുത്. മൊത്തം സമ്പത്തിന്റെ 1% ൽ താഴെയാണ് മക്കൾക്കായി നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോസോഫ്റ്റ് നോക്കി നടത്തണമെന്നും ഞാൻ അവരോട് ആവശ്യപ്പെടില്ല. കാരണം ഇത് ഒരു രാജവംശമല്ല, ഗേറ്റ്സ് പറഞ്ഞു. ‘ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി’ പോഡ്‌കാസ്റ്റിലാണ് ബിൽഗേറ്റിന്റെ പ്രതികരണം.
69 കാരനായ ബിൽഗേറ്റ്സിന് മുൻ ഭാര്യ മെലിൻഡ ഫ്രഞ്ചിൽ മൂന്ന് മക്കളുണ്ട്. റോറി ഗേറ്റ്സ്, ജെന്നിഫർ ഗേറ്റ്സ് നാസർ, ഫോബ് ഗേറ്റ്സ്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം , 155 ബില്യൺ ഡോളറാണ് ബിൽഗേറ്റ്സിന്റെ ആസ്തി. ഇതിന്റെ ഒരു ശതമാനം എന്നാൽ ഏകദേശം 1.55 ബില്യൺ ഡോളറാണ് മൂന്ന് മക്കൾക്കുമായി ലഭിക്കുക. ബാക്കി സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി അദ്ദേഹം മാറ്റിവെക്കും.















