ഭോപ്പാൽ: വ്യാജ ഡോക്ടർ 15 ഹൃദയശസ്ത്രക്രിയകൾ നടത്തുകയും ഏഴ് രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC). കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു NHRC.
മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം നടന്നത്. 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ ദമോ ദില്ലയിലെ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന നരേന്ദ്രയാദവിനെതിരെയാണ് ആരോപണം. രണ്ടുമാസക്കാലയളവിൽ 15 ഹൃദയ ശസ്ത്രക്രിയകൾ ഇയാൾ നടത്തിയിരുന്നു.
യുകെയിൽ നിന്നുള്ള പ്രമുഖ കാർഡിയോളജിസ്റ്റായ പ്രൊഫ. ജോൺ കാമിന്റെ പേരും വിലാസവും ഉപയോഗിച്ചായിരു്നനു നരേന്ദ്രയാദവ് രോഗികളെ ചികിത്സിച്ചിരുന്നത്. ഒടുവിൽ ഇയാൾ ശസ്ത്രക്രിയ ചെയ്ത ചില രോഗികൾ പിന്നീട് മരണത്തിന് കീഴടങ്ങിയതോടെ ‘ഡോക്ടർ’ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഇയാൾ വ്യാജ ഡോക്ടറാണെന്ന ആരോപണവും ഇതോടെ ഉയർന്നു.
വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘം ദമോയിലെത്തി സംഭവം നേരിട്ട് പരിശോധിക്കുകയും ഉത്തരവാദിത്വപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യുമെന്ന് NHRC വ്യക്തമാക്കി.
ഡോക്ടറുടെ വീഴ്ച മൂലമാണ് രണ്ട് രോഗികൾ മരിച്ചതെന്ന് ജില്ലാ ഹെൽത്ത് ഓഫീസറും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസറും പ്രതികരിച്ചു. മിഷൻ ഹോസ്പിറ്റലിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ഏഴ് മരണങ്ങളുടെയും യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് ദമോ ജില്ലാ കളക്ടർ സുധീർ കോച്ചർ അറിയിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.















