മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.. അവസാനനിമിഷം തേടിയെത്തുന്ന അനിശ്ചിതാവസ്ഥ.. എവിടെ തൊട്ടാലും കീശകീറൽ.. അങ്ങനെ വൈഷമ്യങ്ങളുടെ ഘോഷയാത്രയാണ് എയർപോർട്ടിൽ പലപ്പോഴും കാണാനാവുക. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയർപോർട്ടിലെ അനാവശ്യ കാത്തിരിപ്പുകളും മറ്റ് അനാവശ്യ കെട്ടിത്തിരിച്ചിലുകളും ഒഴിവാക്കാൻ കഴിയും. എയർപോർട്ടിൽ നിങ്ങളുടെ സമയവും പണവും ലാഭിക്കാൻ ചുവടെ പറയുന്ന 9 കാര്യങ്ങൾ ശ്രദ്ധിക്കൂ..
1. ആപ്പ് ഉപയോഗിക്കുക
ഏത് എയർലൈനിന്റെ വിമാനത്തിലാണോ പോകുന്നത് അവരുടെ ആപ്ലിക്കേഷൻ നേരത്തെ ഡൗൺലോഡ് ചെയ്ത് വെക്കുക. ചെക്ക്-ഇൻ ചെയ്യാനും ബോർഡിംഗ് പാസ് ഡൗൺലോഡ് ചെയ്യാനും സഹായിക്കുമെന്ന് മാത്രമല്ല. നിങ്ങളുടെ ബാഗേജ് ട്രാക്ക് ചെയ്യാനും ഗുണം ചെയ്യും.
2. ഡെസ്കിലെ ചെക്ക്-ഇൻ ഒഴിവാക്കുക
ഓൺലൈനിൽ ചെക്ക്-ഇൻ ചെയ്തതിന് ശേഷം എയർപോർട്ടിൽ എത്തുന്നത് നേരെ സെക്യൂരിറ്റി സെക്ഷനിലേക്ക് പോകാൻ നിങ്ങളെ സഹായിക്കും. ബോർഡിംഗ് പാസ് പ്രിന്റ് ചെയ്ത് കൈവശം വെക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതുമല്ലെങ്കിൽ ബോർഡിംഗ് പാസിന്റെ മൊബൈൽ വേർഷൻ കയ്യിൽ കരുതുക. ഒട്ടുമിക്ക എയർപോർട്ടുകളിലും ഇവ രണ്ടും സ്വീകരിക്കുന്നതാണ്.
3. ധരിക്കുന്ന വസ്ത്രം
എയർപോർട്ടിൽ സുരക്ഷാ പരിശോധന സമയത്ത് ബെൽറ്റ് അടക്കമുള്ള പലതും അഴിച്ചുവെക്കേണ്ടി വരും. അതിനാൽ കഴിവതും ബെൽറ്റ് ധരിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കാം. ഹെവി ആഭരണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇടാനും ഊരാനും എളുപ്പമുള്ള ചെരുപ്പ് ധരിക്കാം. മെറ്റൽ വസ്തുക്കൾ പരമാവധി ഒഴിവാക്കാം. സുരക്ഷാ പരിശോധന വളരെ എളുപ്പമാക്കുന്ന തരത്തിലുള്ള വസ്ത്രവും ആഭരണങ്ങളും മാത്രം ധരിക്കുക.
4. ഒഴിഞ്ഞ വാട്ടർ ബോട്ടിൽ
എയർപോർട്ടിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങിയാൽ പോലും കീശകീറുമെന്ന് നമുക്കറിയാം. അതിനാൽ എയർപോർട്ടിലേക്ക് പോകുമ്പോൾ കയ്യിൽ ഒരു കാലികുപ്പി കൈപ്പിടിക്കുക. സെക്യൂരിറ്റി ചെക്കിന് ശേഷം ഗേറ്റിന് അടുത്ത് ചെന്നിരിക്കുന്നതിന് മുൻപായി വാട്ടർ സ്റ്റേഷനിൽ നിന്ന് വെള്ളം നിറയ്‌ക്കാം. നിങ്ങളുടെ പഴ്സ് ‘പൊളി’യാതിരിക്കാൻ അത് സഹായിക്കും
5. പ്രീ-ചെക്ക്
നിങ്ങൾ സ്ഥിരമായി ഫ്ലൈറ്റ് എടുക്കുന്നവരാണെങ്കിൽ, അന്താരാഷ്‌ട്ര യാത്രകൾ പതിവായി നടത്താറുണ്ടെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ ചില പ്രോഗ്രാമുകൾ ലഭ്യമാണ്. ഗ്ലോബൽ എൻട്രി, TSA പ്രീ-ചെക്ക് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. നീണ്ട ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സുരക്ഷാ പരിശോധന സമയത്ത് വിഐപി പരിഗണന ലഭിക്കാനും ഇത് സഹായിക്കും.
6. ബാഗ്
നിങ്ങളുടെ ലഗേജിന് fragile എന്ന ടാഗ് നൽകുക. ശ്രദ്ധയോടെ നിങ്ങളുടെ ബാഗുകൾ കൈകാര്യം ചെയ്യപ്പെടുന്നതിന് ഇത് സഹായിക്കും. മാത്രവുമല്ല, ലഗേജുകളുടെ കൂട്ടത്തിൽ ഏറ്റവും മുകളിലായിരിക്കും fragile ബാഗ് വെക്കുക. അതിനാൽ നിങ്ങൾ ലഗേജ് തിരിച്ചെടുക്കുന്ന സമയത്ത് നിങ്ങളുടെ ബാഗ് വേഗം ലഭിക്കാൻ സഹായിക്കുന്ന സ്മാർട്ട് ട്രിക്ക് ആണിത്.
7. ഫ്ലൈറ്റ് ബുക്കിംഗ്
നേരം വെളുക്കുന്നതിന് ഒരുപാട് മുൻപ്, അതുപോലെ രാത്രി ഒരുപാട് വൈകി.. ഈ രണ്ടുസമയങ്ങളിലും പൊതുവെ തിരക്ക് കുറവായിരിക്കും. സെക്യൂരിറ്റി ലൈനുകളും ചെക്ക്-ഇൻ ക്യൂവും ചെറുതായിരിക്കും. ഫ്ലൈറ്റുകൾ ഡിലേയ് ആകുന്നതും വിരളമായിരിക്കും. അതിനാൽ രാത്രി വൈകിയോ പുലർച്ചെയോ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.
8. സ്ക്രീൻഷോട്ട് ചെയ്ത് എടുത്തുവെക്കുക
എയർപോർട്ടിൽ എല്ലായിടത്തും റേഞ്ച് കിട്ടണമെന്ന് നിർബന്ധമില്ല. അതിനാൽ ഓൺലൈനായിട്ടുള്ള ഡോക്യുമെന്റ്സ് ആണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ എല്ലാതിന്റെയും സ്ക്രീൻഷോട്ട് എടുത്ത് വെക്കുക. അത്യാവശ്യ സമയത്ത് വൈ-ഫൈ തേടി നടക്കുന്നത് ഒഴിവാക്കാൻ ഇതുസഹായിക്കും.
9. സെക്യൂരിറ്റി ലൈൻ
സുരക്ഷാ പരിശോധനയ്‌ക്കായി നിരവധി വരികൾ നിങ്ങൾക്ക് മുൻപിലുണ്ടാകും. ഇവയിൽ ഏറ്റവും ഇടത്തെ അറ്റത്തുള്ള ലൈനിൽ നിൽക്കാൻ ശ്രമിക്കുക. കാരണം ഒട്ടുമിക്കയാളുകളും വലത്തെ അറ്റത്തെ ലൈനിലേക്ക് പോകാനായിരിക്കും ശ്രമിക്കുക.















