മംഗളൂരു: വിഷാദരോഗമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം ആണ് അറസ്റ്റിലായത്. കുളൂർ ഉസ്താദ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വിഷാദരോഗിയായ യുവതിയെ ചികിത്സയുടെ മറവിൽ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ മംഗളൂരു വനിതാ പൊലീസാണ് അറസ്റ്റ് ചെയ്തത്.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരീ ഭർത്താവിന്റെ നിർദേശമനുസരിച്ച് ഉസ്താദിനെ ചെന്ന് കണ്ടതായിരുന്നു യുവതി. അബ്ദുൾ കരീമിന്റെ വീട്ടിലേക്കാണ് പോയത്. മറ്റാരോ ചെയ്ത ആഭിചാരക്രിയകളുടെ ഫലമായാണ് യുവതിക്ക് വിഷാദരോഗം വന്നതെന്ന് ഉസ്താദ് വിശ്വസിപ്പിച്ചു. ഇടയ്‌ക്കിടെ ഇവിടെയെത്തി ചില കർമങ്ങളിൽ പങ്കെടുത്താൽ രോഗം മാറ്റിയെടുക്കാമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് സഹോദരിക്കൊപ്പമായിരുന്നു യുവതി ഉസ്താദിനെ കാണാൻ എത്തിയിരുന്നത്.
ഒരുദിവസം കരീമിന്റെ വീട്ടിലേക്ക് ഒറ്റയ്‌ക്ക് പോയിരുന്നു. ഈ ദിവസമാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് വിവരം. രോഗം ചികിത്സിക്കാനെന്ന പേരിൽ 55,000 രൂപയും ഇയാൾ കൈപ്പറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















