ബെംഗളൂരു: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് കർണ്ണാടക ആഭ്യന്തര മന്ത്രി നടത്തിയ പരമാർശം വിവാദത്തിൽ. വലിയ നഗരമാകുമ്പോൾ ഇടയ്ക്കിടെ പിഡനം നടക്കുമെന്നായിരുന്നു ജി പരമേശ്വരയുടെ വാക്കുകൾ. ഏപ്രിൽ 3 ന് ബെംഗളൂരുവിലെ ഒരു തെരുവിൽ വെച്ച് യുവതി പീഡനത്തിന് ഇരയായിരുന്നു. കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോടാണ് മന്ത്രിയുടെ വിലകുറഞ്ഞ പ്രതികരണം.
സദ്ദുഗുണ്ടേപാല്യയിലാണ് സംഭവം നടന്നത്, പീഡന ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. രണ്ട് യുവതികൾ ചെറിയ ഇടവഴിയിലൂടെ നടന്ന് പോകുന്നത് കാണാം. പിന്നാലെ ഒരു പുരുഷൻ അടുത്തേക്ക് വന്ന് ഒരു യുവതിയെ ബലം പ്രയോഗിച്ച് ചുമരിനോട് ചേർത്ത് നിർത്തി ലൈംഗികാതിക്രമം നടത്തുന്നതും ഓടി പോകുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കടുത്ത ജനരോഷം ഉയർന്നു. ഇതിന് പിന്നാലെയാണ് ജി പരമേശ്വരയുടെ നിരുത്തരവാദിത്തപരമായ സമീപനം.
ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് പൊലീസിന് കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം സെക്ഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.