മലപ്പുറം: വീട്ടിലെ പ്രസവത്തിൽ 35കാരി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. രക്തം വാർന്നുള്ള മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവശേഷം മതിയായ പരിചരണം ലഭിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളേജിൽ രാവിലെയാണ് പോസ്റ്റുമോർട്ടം നടന്നത്. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം ചക്കിട്ടപ്പാറയിൽ വീട്ടിൽ പ്രസവിച്ച 35-കാരി രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. അക്യുപങ്ചർ ചികിത്സാരീതി പ്രകാരം വീട്ടിലായിരന്നു 5-ാമത്തെ പ്രസവം. മുൻ പ്രസവങ്ങളും വീട്ടിൽ വച്ചായിരുന്നു നടന്നതെന്നാണ് ആരോപണം. ഭർത്താവ് സിറാജുദ്ദീൻ അസ്മ ആശുപത്രിയിൽ പോകുന്നത് വിലക്കിയിരുന്നു. സംഭവത്തിൽ ഭർത്താവിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.