ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ അവസാനിപ്പിച്ചാണ് യുവതാരത്തിന്റെ നിയമനം. കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ജോസ് ബട്ലർ നായക പദവി രാജിവച്ചത്. സെമി കാണാതെ ഇംഗ്ലണ്ട് പുറത്തായിരുന്നു.
2022 ജനുവരിയിലാണ് ബ്രൂക്ക് വൈറ്റ് ബോൾ ക്രിക്കറ്റിൽ അരങ്ങേറിയത്. ഐസിസിയുടെ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ബ്രൂക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ ബട്ലറിന്റെ അഭാവത്തിൽ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയക്ക് എതിരെയുളള ഏകദിന പരമ്പരയിൽ നയിച്ചതും ബ്രൂക്കായിരുന്നു. 2018 അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ നായകനായിരുന്നു ഹാരി ബ്രൂക്ക്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സോഷ്യൽ മീഡിയയിലൂടെയായിരുന്നു പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനം.