ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്ററുകളിൽ അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു) സ്യൂട്ടുകളും എയർക്രാഫ്റ്റ് മോഡിഫിക്കേഷൻ കിറ്റുകളും വാങ്ങാൻ 2,385.36 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധമന്ത്രാലയം. പൊതുമേഖലാ പ്രതിരോധ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായാണ് കരാർ അന്തിമമാക്കിയത്.
ശത്രുവിന്റെ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഉപയോഗം കണ്ടെത്തുന്നതിനും, തടസപ്പെടുത്തുന്നതിനും, ഒഴിവാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന സംവിധാനങ്ങളാണ് ഇലക്ട്രോണിക് വാർഫെയർ (EW) സ്യൂട്ടുകൾ. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.
നൂതനമായ EW സ്യൂട്ട് ലഭ്യമാക്കുന്നതോടെ പ്രതികൂല സാഹചര്യങ്ങളിൽ Mi-17 V5 ഹെലികോപ്റ്ററുകളുടെ പ്രവർത്തനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. മെയ്‌ക്ക്-ഇൻ-ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഈ പദ്ധതി ഭൂരിഭാഗം ഘടകങ്ങളും ഉപ ഘടകങ്ങളും രാജ്യത്തെ നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, അനുബന്ധ വ്യവസായങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എന്നിവയുൾപ്പെടെയുള്ളവയിൽ നിന്നുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു