മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 5 തവണ പ്രസവിച്ചെങ്കിലും ആദ്യ രണ്ടെണ്ണം മാത്രമാണ് ആശുപത്രിയിൽ നടന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ പെരുമ്പാവൂർ സ്വദേശിയായ അസ്മയെ വിവാഹം ചെയ്തതിന് ശേഷം ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് താമസം മാറ്റിയതാണെന്ന് മലപ്പുറം എസ്പി ആർ. വിശ്വനാഥ് പ്രതികരിച്ചു.
ഒരു സ്ത്രീയുടെ അഞ്ചാമത്തെ പ്രസവമെന്നത് ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്. കുഞ്ഞിനും അമ്മയ്‌ക്കും അതിൽ റിസ്ക് ഉണ്ട്. ആശുപത്രിയിലെത്തിച്ച് ഡോക്ടർമാരുടെയും മരുന്നുകളുടേയും സഹായത്തോടെ സങ്കീർണതകൾ ഒഴിവാക്കാമെന്നിരിക്കെ അക്കാര്യം തടയുകയും വീട്ടിൽ വച്ച് പ്രസവം നടത്താനുമാണ് ഭർത്താവ് സിറാജുദ്ദീൻ ശ്രമിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽ പ്രസവിക്കുന്നത് എതിർത്തതിനുള്ള കാരണമായി പ്രതി ചൂണ്ടിക്കാട്ടുന്നത് മതപരമായ വിശ്വാസങ്ങളാണ്. മൂന്നാമത്തെയും നാലാമത്തെയും പ്രസവം വീട്ടിൽ വച്ച് നടത്തിയത് കൂടുതൽ പ്രചോദനമായി. മരിച്ച യുവതിയുടെ കുടുംബവും ഇതിനെ പിന്തുണച്ചിരുന്നോയെന്ന കാര്യം നിലവിൽ വ്യക്തമല്ലെന്നും മലപ്പുറം എസ്പി പറഞ്ഞു.
ഏപ്രിൽ 5ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു പ്രസവം. രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചു. പിറ്റേന്ന് പുലർച്ചെയാണ് ആംബുലൻസ് വിളിച്ച് മൃതദേഹം കൊണ്ടുപോയതെന്നും മലപ്പുറം എസ്പി അറിയിച്ചു.