ന്യൂഡൽഹി: സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് പരിക്കേറ്റു. മാർകിന്റെ കൈയ്‌ക്കും കാലിനും പൊള്ളലേറ്റതായാണ് വിവരം. പുക അമിതമായി ശ്വസിച്ചതിനെ തുടർന്ന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും എട്ട് വയസുകാരനുണ്ട്. സിംഗപ്പൂരിലെ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്കൂളിൽ തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
സംഭവസമയത്ത് പവൻ കല്യാൺ അല്ലൂരി സീതാരാമരാജു ജില്ലയിൽ സന്ദർശനത്തിലായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം അദ്ദേഹം വിശാഖപട്ടണത്ത് നിന്നും സിംഗപ്പൂരിലേക്ക് പോകും. പവൻ കല്യാണിന്റെ സന്ദർശനത്തോടനുബന്ധിച്ച് വിശാഖ് നഗരത്തിൽ സംഘടിപ്പിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
നാളെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സന്ദർശിക്കാനിരിക്കെയാണ് അപ്രതീക്ഷിത അപകടം. പവൻ കല്യാൺ പങ്കെടുക്കാനിരുന്ന അവലോകന യോഗവും മാറ്റിവച്ചു.















