27-ാം വയസ്സിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്സ്കി. ഒരുകാലത്ത് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെട്ടിരുന്ന പ്രതിഭാധനനായ ബാറ്ററായിരുന്നു പുക്കോവ്സ്കി. കളിക്കിടയിൽ പന്തുകൊണ്ട് തലോച്ചോറിനേറ്റ പരിക്കാണ് താരത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്‌ത്തിയത്. ആവർത്തിച്ചുള്ള മസ്തിഷ ക്ഷതങ്ങളും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തുടർച്ചയായ ലക്ഷണങ്ങളും നിറഞ്ഞ ദീർഘവും പ്രയാസകരവുമായ പോരാട്ടത്തിന് ശേഷമാണ് ഈ തീരുമാനമെന്ന് പുക്കോവ്സ്കി പറഞ്ഞു.
2024 മാർച്ചിൽ ഷെഫീൽഡ് ഷീൽഡ് മത്സരമാണ് പുക്കോവ്സ്കി അവസാനമായി കളിച്ചത്. അന്ന് ടാസ്മാനിയയുടെ റൈലി മെറെഡിത്തിന്റെ ബൗൺസർ ഹെൽമെറ്റിൽ ഇടിച്ചാണ് താരത്തിന് പരിക്കേൽക്കുന്നത്. റിട്ടയേർഡ് ഹാർട്ടായി കളംവിട്ട പുക്കോവ്സ്കി അതിനുശേഷം കളിച്ചിട്ടില്ല. യുവതാരത്തിന്റെ ആരോഗ്യനില പരിശോധിച്ച മെഡിക്കൽ പാനൽ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു.
“‘ഞാൻ വിരമിക്കുന്ന ദിവസമാണിത്’ എന്ന് ഞാൻ കരുതിയ ഒരു പ്രത്യേക നിമിഷം പോലും ഉണ്ടായിരുന്നില്ല, പക്ഷേ കാര്യങ്ങൾ മെച്ചപ്പെടുന്നില്ലെന്ന് വ്യക്തമായി. എന്റെ തലച്ചോറിന് കൂടുതൽ കേടുപാടുകൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
കരിയർ അവസാനിച്ചെങ്കിലും, പുക്കോവ്‌സ്‌കി ഒരു മികച്ച റെക്കോർഡ് അവശേഷിപ്പിച്ചാണ് വിരമിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ ന്യൂ സൗത്ത് വെയിൽസിനെതിരെ നേടിയ 131 റൺസ് ഉൾപ്പെടെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 53.40 ശരാശരിയിൽ 2,350 റൺസ് യുവതാരം നേടി. ഓസ്‌ട്രേലിയയ്‌ക്കായി ഒരു റെസ്റ്റിലാണ് പുക്കോവ്സ്കി കളിച്ചിട്ടുള്ളത്. 2021 ൽ ഇന്ത്യയ്‌ക്കെതിരെ നടന്ന ഈ അരങ്ങേറ്റ മത്സരത്തിൽ താരം 62 റൺസ് നേടി. ഇപ്പോൾ പുക്കോവ്സ്കി പരിശീലനത്തിലേക്കും കമന്ററിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മെൽബണിലെ പ്രീമിയർ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി അദ്ദേഹം നിയമിതനായി. ചാനൽ സെവന്റെ പ്രക്ഷേപണ ടീമിലും അംഗമാണ്.
Will Pucovski ~ “The simple message is, I won’t be playing cricket at any level again.” 😲
~ Pucovski had to take this decision due to the series of concussion during his small cricket career.pic.twitter.com/RWMDpXabjX
— Richard Kettleborough (@RichKettle07) April 8, 2025















