കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ. കെ പ്രേമചന്ദ്രൻ എംപിയും സഹപാഠികളായിരുന്നു. കൊല്ലം ഫാത്തിമ കോളജിലാണ് ഇരുവരും ഒന്നിച്ച് പഠിച്ചത്. അടുത്തിടെ സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എൻ. കെ പ്രേമചന്ദ്രൻ കോളജ് കാലം വീണ്ടും ഓർത്തെടുക്കുന്നുണ്ട്.
‘ഞങ്ങൾ അഞ്ചു വർഷം ഒരുമിച്ച് പഠിച്ചതാണ്. ഞാനും സുരേഷ് ഗോപിയും പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പായിരുന്നു. അത് കഴിഞ്ഞ് സുരേഷ് ബോട്ടണി ഐച്ഛിക വിഷയമായി എടുത്തു. ഞാൻ കെമിസ്ട്രി. രണ്ടു പേരും ഫാത്തിമ കോളജിൽ തന്നെ. അന്ന് സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പോയിട്ട് ഫിലിം സ്റ്റാർ ആകുമെന്ന് പോലും ഞാൻ പ്രതീക്ഷിച്ചിതല്ല. അദ്ദേഹത്തിന്റെ നയ്ച്ചർ അങ്ങനെയായിരുന്നു. വളരെ ഒതുങ്ങി ക്ലാസിൽ വന്ന് പഠിക്കുന്ന കുട്ടികളുടെ കൂട്ടിത്തിലിരുന്ന അച്ചടക്കമുള്ളയാൾ. അന്തർമുഖനെന്ന് പറയുന്നില്ല, എതാണ്ട് അതുപോലെയായിരുന്നു സുരേഷ്. ഇത് സുരേഷ് ഗോപിയെന്ന് പറഞ്ഞപ്പോഴും ആദ്യം സ്ക്രീനിൽ കണ്ടപ്പോഴും മനസ്സിലായില്ല. വളരെ കഴിഞ്ഞതിന് ശേഷമാണ് എന്നോടൊപ്പം പഠിച്ച സുരേഷാണ് ഇതെന്ന് ബോദ്ധ്യപ്പെട്ടത്.
കോളജ് കാലത്ത് ഒറ്റ സ്റ്റേജിൽ പോലും സുരേഷ് കയറിയിട്ടില്ല. സാധാരണ രീതിയിൽ സിനിമ രംഗത്തും കലാ രംഗത്തും ഉള്ളവർ നാടകം, മോണോ ആക്ട് എന്തെങ്കിലും ചെയ്യും.
എന്നാൽ സുരേഷിന് അങ്ങനെയോരു ബാക്ക്ഗ്രൗണ്ട് ഇല്ല ആക്ഷൻ ഹിറോയുടെ നയ്ച്ചറും ഉണ്ടായിരുന്നില്ല’, എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു.















