അഞ്ചാമത്തെ പ്രസവം വീട്ടിൽ നടത്തിയതിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ഏറെ ആശങ്കയോടെയാണ് കേരളം കേട്ടത്. യുവതിക്ക് ആശുപത്രി ചികിത്സ നിഷേധിച്ച ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടുപ്രസവങ്ങൾ വ്യാപകമാക്കാൻ പ്രേരിപ്പിക്കുന്ന അക്യുപങ്ചർ ചികിത്സാരീതിക്കെതിരെയും ഇതിന് പ്രോത്സാഹനം നൽകുന്ന ഇസ്ലാമിക മതനേതാക്കൾക്കെതിരെയും കടുത്ത വിമർശനമാണ് നിലവിൽ ഉയരുന്നത്. വീട്ടുപ്രസവത്തെ പുകഴ്‌ത്തിക്കൊണ്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ദമ്പതികൾ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആശുപത്രിയിൽ വച്ച് പ്രസവിച്ചപ്പോൾ വലിയ പ്രയാസങ്ങൾ അനുഭവപ്പെട്ടെന്നും വീട്ടിൽ, അക്യുപങ്ചറിസ്റ്റിന്റെ സഹായത്തോടെ ഭർത്താവ് പ്രസവമെടുത്തപ്പോൾ വേദന അറിയാതെ, അവശതയില്ലാതെ, സന്തോഷമായി പ്രസവിക്കാൻ കഴിഞ്ഞെന്നും യുവതി പറയുന്ന വീഡിയോയാണിത്. ആധുനിക ചികിത്സാ രീതികളെ വെല്ലുവിളിച്ചുകൊണ്ട് ദമ്പതികൾ നടത്തുന്ന അവകാശവാദങ്ങൾ അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ യൂട്യൂബ്, ഫെയ്സ്ബുക്ക് ചാനലുകളിലൂടെയാണ് പുറത്തുവന്നത്.
യുവതിയും ഭർത്താവും വീഡിയോയിൽ പറയുന്നതിങ്ങനെ:
ഞാൻ മർവ, ഇതെന്റെ ഭർത്താവ് സക്കറിയ. ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഞാൻ പ്രസവിച്ചു. അതും ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ ബെഡ്റൂമിൽ. ഇക്കായുടെ കൂടെയിരുന്ന് അക്യുപങ്ചറിസ്റ്റിന്റെ സഹായത്തോടെ പ്രസവിച്ചു. അൽഹംദുലില്ലാഹ്.. ഞങ്ങൾക്കിപ്പോൾ നാല് മക്കളുണ്ട്. ആദ്യത്തേത് സിസേറിയൻ ആയിരുന്നു. രണ്ടാമത്തേത് പ്രകൃതി ചികിത്സയിലൂടെ സാധാരണ പ്രസവം. മൂന്നാമത്തേത് ഹോസ്പിറ്റലിൽ പ്രസവിച്ചു. നാലാമത്തേത്, അൽഹംദുലില്ലാഹ്.. വീട്ടിലാണ് പ്രസവിച്ചത്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ്..
എല്ലാവരും ഹോസ്പിറ്റലിലാണ് പ്രസവിക്കുന്നത്. ഞാൻ ഹോസ്പിറ്റലിലും വീട്ടിലും പ്രസവിച്ചു. രണ്ട് അനുഭവങ്ങളിൽ നിന്ന് എനിക്ക് മനസിലായത് വീട്ടിലെ പ്രസവമാണ് ഏറ്റവും നല്ലത് എന്നതാണ്. കാരണം, ആശുപത്രിയിൽ പ്രസവിക്കുമ്പോൾ ശാരീരികമായും മാനസികമായും ഒരുപാട് തളരുന്നു. മരുന്നുവച്ച് വേദന വരുത്തിച്ചും, നിർബന്ധപൂർവം പുഷ് ചെയ്യിപ്പിക്കുന്നു. സ്റ്റിച്ച് ഇടേണ്ടി വരുന്നു. വയറ് പിടിച്ചുതള്ളുന്നു.. ഉള്ളിൽ പരിശോധന.. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നടക്കുന്നു. എന്നാൽ വീട്ടിൽ വച്ച് പ്രസവിച്ചപ്പോൾ ഇതൊന്നും ഞാൻ അറിഞ്ഞില്ല. പുഷ് ചെയ്യേണ്ടി വന്നേയില്ല. അവസാനസമയത്ത് കുഞ്ഞ് പുറത്തേക്ക് വരുമ്പോൾ മാത്രം ചെറിയ വേദന. അതുമാത്രമാണ് ഞാൻ അറിഞ്ഞത്.
ആശുപത്രിയിൽ പ്രസവിക്കുമ്പോൾ ഇത്രയും പ്രയാസം നേരിടേണ്ടി വരുന്നതുകൊണ്ടാകും സ്ത്രീകൾക്ക് പ്രസവിക്കാൻ വിമുഖത. ആശുപത്രിയിൽ ഒരുപാട് കഷ്ടപ്പാടുണ്ട്. ഹോസ്പിറ്റലിൽ പ്രസവിക്കുന്ന സ്ത്രീ രണ്ടാമത് പ്രസവിക്കാൻ പേടിക്കും. – മർവ എന്ന യുവതി പറഞ്ഞു.
പ്രസവിച്ചയുടനെ പ്രസന്നവതിയായിരിക്കുന്ന മർവയുടെ ചിത്രവും വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.
