കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇഎ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിപണിയിൽ 12 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.
മുംബൈയിൽ നിന്നും ട്രെയിൻ മാർഗം ബ്രൗൺ ഷുഗർ കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നേത്രാവതി എക്സ്പ്രസിൽ എത്തിയ 3 പേരെ പിടികൂടിയത്. ഇവരിൽ നിന്ന് 258 ഗ്രാം ബ്രൗൺഷുഗറും കണ്ടെടുത്തു. ഷൂവിൽ ഒളിപ്പിച്ചനിലയിലായിരുന്നു ബ്രൗൺ ഷുഗർ. പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിക്കടത്ത് കേസില്‍ നേരത്തെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. ന്യൂമാഹി സിഐ ബിനുമോഹൻ, തലശ്ശേരി എസ്ഐ പ്രശോഭ് പിവി, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട.















