ലിസ്ബൺ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പോർച്ചുഗലിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് “സിറ്റി ഓഫ് ഓണർ കീ” നൽകി ആദരിച്ച് ലിസ്ബൺ മേയർ കാർലോസ് മൊയ്‌ദസ്. ലിസ്ബൺ സിറ്റിയുടെ പ്രതീകാത്മക താക്കോൽ കൈമാറുന്നതിലൂടെ രാഷ്‌ട്രപതി ദ്രൗപദി മുർമു നഗരത്തിന്റെ ഓണററി പൗരനായി മാറുമെന്ന് മൊയ്ദസ് പറഞ്ഞു. നേരത്തെ പോർച്ചുഗലിൽ എത്തിയ രാഷ്‌ട്രപതിയെ പോർച്ചുഗലിന്റെ ഒന്നാം റിപ്പബ്ലിക്കിന്റെ പ്രഖ്യാപനം നടന്ന ചരിത്ര സ്ഥലമായ കാമറ മുനിസിപ്പൽ ഡി ലിസ്ബോവയിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.
സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ തനിക്ക് ലഭിച്ച ആദരവിന് ദ്രൗപദി മുർമു നന്ദി പറഞ്ഞു. ലിസ്ബൺ വിശാല മനസിനും ജനങ്ങളുടെയും സംസ്കാരത്തിന്റെയും ഊഷ്മളതയ്‌ക്കും സഹിഷ്ണുതയ്‌ക്കും പേരുകേട്ടതാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.ഇന്ത്യ-പോർച്ചുഗൽ ഉഭയകക്ഷി ബന്ധം വരും കാലങ്ങളിൽ കൂടുതൽ അടുക്കുകയും വിശാലമാവുകയും ചെയ്യുമെന്നും അത് ജനങ്ങൾക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഗുണകരമാകുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ പോർച്ചുഗലിന്റെ പങ്കിനെയും രാഷ്‌ട്രപതി പ്രശംസിച്ചു.
ഇന്ത്യ-പോർച്ചുഗൽ ഉഭയകക്ഷി ബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് രാഷ്‌ട്രപതിയുടെ സന്ദർശനം. പോർച്ചുഗൽ പ്രസിഡൻ്റ് മാർസെലോ റെബെലോ ഡി സൂസ, പാലാസിയോ ഡാ അജുഡയിൽ സംഘടിപ്പിച്ച വിരുന്നിലും അവർ പങ്കെടുത്തു. പോർച്ചുഗലിലെ ഇന്ത്യൻ സമൂഹവും രാഷ്‌ട്രപതിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. ലിസ്ബൺ, അൽഗാർവ്, പോർട്ടോ എന്നിവിടങ്ങളിലായി ഏകദേശം 1,25,000 ഇന്ത്യക്കാരാണ് പോർച്ചുഗലിലുള്ളത്.