ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ വാക്സിന് എതിരെ നടക്കുന്ന പ്രചാരണത്തെ പറ്റി ആരും പ്രതികരിക്കുന്നില്ലെന്നും വീടുകളിൽ തന്നെ പ്രസവിക്കണം എന്ന ഫത്വ മലപ്പുറം ജില്ലയിൽ ചില പുരോഹിതന്മാർ പുറപ്പെടുവിക്കുന്നു എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
“ഇതിന്റെ ഇരയായി ഗർഭിണികൾ മരിച്ചിട്ട് പോലും ഒരു പുരോഗമന പ്രസ്ഥാനവും പ്രതികരിക്കുന്നില്ല. നോമ്പുകാലത്ത് ജില്ലയിലെ പല ഭാഗങ്ങളിലും ആളുകൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. പല വിദ്യാലയങ്ങളിലും ഉച്ചക്കഞ്ഞി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. എന്തുകൊണ്ടാണ് ഇതൊന്നും ചർച്ച ചെയ്യാൻ ഇടത്- വലതു മുന്നണികൾ തയ്യാറാകാത്തത്”, കെ.സുരേന്ദ്രൻ ചോദിച്ചു.
മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈകടത്തരുതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും സംവരണം നടപ്പാക്കുന്ന കാര്യത്തിലും കൃത്യമായ പരിശോധന ആവശ്യമുണ്ട്. മുസ്ലിം സമുദായത്തിന് അനർഹമായ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനാണ് മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഈഴവാദി പിന്നാക്ക വിഭാഗങ്ങൾ സംവരണത്തിൽ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് കൃത്യമായ പഠനം നടത്താൻ സർക്കാർ തയ്യാറാവണം. അതിനുവേണ്ടി ഒരു കമ്മീഷനെ വെക്കാൻ എന്താണ് സർക്കാർ മടിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ ഉയർത്തുന്ന ചോദ്യങ്ങൾക്ക് വസ്തുതാപരമായും ജനാധിപത്യപരമായും മറുപടി പറയേണ്ടതിന് പകരം വർഗീയ നിലപാട് ഉയർത്തി പ്രതിരോധിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത്. വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിച്ചാൽ ബിജെപി അത് നേരിടും. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന നീക്കം മുസ്ലീംലീഗും സിപിഎമ്മും അവസാനിപ്പിക്കണം. ജാതി സെൻസെസ് ആവശ്യപ്പെടുന്ന പാർട്ടികൾ കേരളത്തിലെ ഈഴവാദി പിന്നാക്കക്കാർക്ക് ലഭിക്കുന്ന സംവരണത്തിൽ എത്ര ശതമാനം അപഹരിക്കപ്പെടുന്നുണ്ട് എന്നതിന് മറുപടി പറയണം.
മതപരമായ സംവരണം ഭരണഘടനാ മൂല്യങ്ങൾക്കെതിരാണ്. നിരവധി വിധികളിലൂടെ സുപ്രീംകോടതി അത് ഊന്നി പറഞ്ഞതുമാണ്. എന്നാൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ മുസ്ലിം കോൺട്രാക്ടർമാർക്ക് വരെ നാല് ശതമാനം സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒബിസി സംവരണത്തിന്റെ ഗുണം ഒബിസിക്കാർക്കും മുന്നാക്ക സംവരണത്തിന്റെ ഗുണം മുന്നാക്കക്കാർക്കും കേരളത്തിൽ ലഭിക്കുന്നില്ല. ഇതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചതും ഇത് തന്നെയാണ്. കെ സുരേന്ദ്രൻ പറഞ്ഞു.